മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ

പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നികുതി കുടിശ്ശികയും പിഴയും ചേർത്ത് 82 ദശലക്ഷം ദിർഹത്തിലധികം തുക വരുമെന്ന് അധികൃതർ അറിയിച്ചു

ദുബായ് പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലൂടെ  ചട്ടങ്ങൾ പാലിക്കാത്ത 
35 ലക്ഷത്തിലധികം എക്സൈസ് ഉൽപ്പന്ന പാക്കേജുകൾ പിടിച്ചെടുത്ത്  ഫെഡറൽ ടാക്സ് അതോറിറ്റി.
2026-ന്റെ ആദ്യ പകുതിയിലാണ്  പരിശോധനകൾ നടന്നത്. 

ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ആകെ 59 റിപ്പോർട്ടുകളാണ്  പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത് .  പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട നികുതി കുടിശ്ശികയും പിഴയും ചേർത്ത് 82 ദശലക്ഷം ദിർഹത്തിലധികം തുക വരുമെന്ന് അധികൃതർ അറിയിച്ചു. 

നികുതി വെട്ടിപ്പ് തടയുന്നതിനും യുഎഇയിലെ നികുതി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി  ഫെഡറൽ ടാക്സ് അതോറിറ്റിയും  ദുബായ് പോലീസും നടത്തുന്ന തുടർനടപടികളുടെ ഭാഗമാണ്   പരിശോധനാ ക്യാമ്പെയ്‌നുകൾ.

നികുതി അടയ്ക്കാത്ത എക്സൈസ് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനായി സംയുക്ത പരിശോധനകളും നിരീക്ഷണവും തുടരും.  നിയമനടപടികൾ കാര്യക്ഷമമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും പരസ്പരം അറിവുകൾ പങ്കുവെക്കുകയും ചെയ്യുമെന്നും ഫെഡറൽ ടാക്സ് അതോറിറ്റിയും  ദുബായ് പോലീസും വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാൻ സാധിക്കും. ഇതിനു  സഹായിക്കുന്ന  റാഖീബ് എന്ന പ്ലാറ്റ് ഫോമിനെക്കുറിച്ചും  അധികൃതർ വ്യക്തമാക്കി. 

പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരം ചേർത്ത പാനീയങ്ങൾ എന്നിവയുൾപ്പെടെ ആരോഗ്യത്തിനും  പരിസ്ഥിതിക്കും ഹാനികരമാകുന്ന   ഉൽപ്പന്നങ്ങൾക്കാണ് യുഎഇയിൽ എക്സൈസ് നികുതി ബാധകമാകുന്നത്

More from UAE