മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനത്തിനായി നാദ് സബീൽ

ഭാവിക്കായി ഒരുങ്ങുന്നതിനായി ദുബായിലെ 'നാദ് സബീൽ'എന്ന പുതിയ ഗവേഷണ, ഡിസൈൻ, നവീകരണ ക്യാമ്പസ് പ്രഖ്യാപിച്ചു

ഭാവിക്കായി ഒരുങ്ങുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ 'നാദ് സബീൽ'എന്ന പുതിയ ഗവേഷണ, ഡിസൈൻ, നവീകരണ ക്യാമ്പസ് പ്രഖ്യാപിച്ചു. 30,000 ഗവേഷകരെയും വിദഗ്ധരെയും ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സബീൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന നാദ് സബീലിൽ ലബോറട്ടറികൾ, ശാസ്ത്ര-ഗവേഷണ കേന്ദ്രങ്ങൾ, സർഗ്ഗാത്മക-നവീകരണ ഇൻകുബേറ്ററുകൾ എന്നിവ ഉണ്ടായിരിക്കും.

യുഎഇയിൽ നിന്നും മേഖലയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ, ഗവേഷകർ, എഞ്ചിനീയർമാർ, നവീകരണ വിദഗ്ധർ, ഭാവിയിലെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവർ എന്നിവരെ ഈ ക്യാമ്പസ് ഒന്നിപ്പിക്കും.

വാസ്തുവിദ്യാപരമായും അറിവിന്റെ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമായ ഈ പുതിയ ഇടം, ആഗോള പങ്കാളിത്തങ്ങൾക്കും വിവിധ സംരംഭങ്ങൾക്കും, വിപുലമായ ഗവേഷണ പദ്ധതികൾക്കും ഒരു വേദിയായി (ഇൻകുബേറ്ററായി) പ്രവർത്തിക്കും.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

'എക്സ്'  പ്ലാറ്റ്‌ഫോമിലൂടെയാണ്  ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, ദുബായ് ഫ്യൂച്ചർ അക്കാദമി എന്നിവയ്‌ക്കൊപ്പം ഈ ക്യാമ്പസും ചേരുമെന്നും, ഇവയെല്ലാം ചേർന്ന് "ഭാവി മുൻകൂട്ടി കാണുന്നതിനും, അതിനായി തയ്യാറെടുക്കുന്നതിനും, ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച അന്തരീക്ഷം" സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളുടെ വികസനത്തിനായി വിദഗ്ധർക്കും ഗവേഷകർക്കും ഈ ക്യാമ്പസിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

"ഭാവി എന്നത് കാത്തിരുന്ന് ലഭിക്കുന്ന ഒന്നല്ല, മറിച്ച് നാം തന്നെ സൃഷ്ടിച്ചെടുക്കേണ്ട ഒന്നാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. രാഷ്ട്രങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് കാരണം ഭാവിയിലെ മാറ്റങ്ങളുടെ വേഗതയല്ല, മറിച്ച് അതിനായി തയ്യാറെടുക്കുന്നതിലും ചിന്തിക്കുന്നതിലുമുള്ള മന്ദതയാണ്," എന്ന് അദ്ദേഹം പറഞ്ഞു.

More from UAE