ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുന്ന ഏഴ് രാജ്യങ്ങൾക്കൊപ്പം യുഎഇയും

ഖത്തർ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കൊപ്പമാണ്  യു എ ഇ യും ചേർന്നത്

ഗാസയിലെ ഇസ്രയേലിന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന രാജ്യങ്ങൾക്കൊപ്പം യു എ ഇ യും ചേർന്നു. ഖത്തർ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കൊപ്പമാണ്  യു എ ഇ യും ചേർന്നത്. 

ഗാസയിലെ  സാധാരണക്കാരെ കൊല്ലുന്നതിനെതിരെയും , ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയും സാധാരണ ജനങ്ങളുടെ  അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതിനെതിരെയും  ഈ എട്ട് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു. ഇസ്രായേലിന്റെ പരമാധികാരം അടിച്ചേൽപ്പിക്കാനോ ഫലസ്തീൻ ജനതയെ  അവരുടെ ഭൂമിയിൽ നിന്ന് ബലമായി കുടിയൊഴിപ്പിക്കാനോ ഉള്ള  ശ്രമങ്ങളെ  തള്ളിക്കളയുന്നതാണ് പ്രസ്താവന.

ഗാസയിൽ തുടരുന്ന ആക്രമണങ്ങൾ  സംഘർഷം അവസാനിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയുടെ   ലംഘനമാണെന്നും , യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ദുർബലപ്പെടുത്തുന്നതാണെന്നും   പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംഘർഷം വീണ്ടും രൂക്ഷമാക്കാനും, ഗാസ മുനമ്പിലെ മാനുഷിക ദുരന്തം കൂടുതൽ ആഴത്തിലാക്കാനും, രാഷ്ട്രീയ പ്രക്രിയയെ അട്ടിമറിക്കാനും ആക്രമണങ്ങൾ ഇടയാക്കുമെന്നു വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.

 ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയും ജീവനക്കാരെയും സുരക്ഷിതമാക്കുക, 
സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക, മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുക എന്നിവയുടെ ആവശ്യകത വിദേശകാര്യ മന്ത്രിമാർ  ആവർത്തിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് വേർപെടുത്തി ഗാസയിലെ ആക്രമണങ്ങളെ കാണാനാവില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ പാർശ്വവൽക്കരിക്കാനുമുള്ള ആസൂത്രിതമായ ശ്രമമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്നും മന്ത്രിമാർ പറഞ്ഞു. 

അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റാൻ ഇസ്രായേലിനെ നിർബന്ധിതരാക്കണമെന്നും,   ഇസ്രയേലിനെതിരെ  നടപടികൾ സ്വീകരിക്കണമെന്നും  ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയോട് വിദേശകാര്യ മന്ത്രിമാർ  ആവശ്യപ്പെട്ടു.

More from UAE