തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന കാമ്പെയ്‌നിലൂടെ, പാർട്ട്-ടൈം തൊഴിൽ അവസരങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും, തട്ടിപ്പ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ eCrime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
ഓൺലൈൻ പാർട്ട്-ടൈം ജോലികൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കമ്മീഷൻ വ്യവസ്ഥയിൽ നിയമവിരുദ്ധമായ പണമിടപാടുകൾ നടത്താൻ ഒരാളെ ഓൺലൈൻ തട്ടിപ്പുകാർ ജോലിക്ക് നിയോഗിച്ച സംഭവത്തെത്തുടർന്നാണ് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്.
തന്റെ പുതിയ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്ന തരത്തിലുള്ള ജോലി തട്ടിപ്പിനിരയായ വ്യക്‌തി സ്വീകരിച്ചതായി ദുബായ് പോലീസിന്റെ ക്രൈം പ്രിവൻഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
നിയമവിരുദ്ധമായി നടത്തിയ പണമിടപാട് ഇദ്ദേഹവുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. എന്നാൽ ഒരു ക്രിമിനൽ ശൃംഖലയ്ക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. ചില സന്ദർഭങ്ങളിൽ തട്ടിപ്പിന് ഇരയാകുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ അവർ അറിയാതെ ദുരുപയോഗം ചെയ്യപ്പെടാറുണ്ട് എന്ന് പോലീസ് ചൂണ്ടിക്കാട്ടി.
നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുന്നതിനായി, മോഷ്ടിച്ച പണം നിയമപരമായ ബാങ്ക് അക്കൗണ്ടുകളിലൂടെ മാറ്റാൻ ക്രിമിനൽ സംഘടനകൾ പലപ്പോഴും പണം കൈമാറാൻ ഉപയോഗിക്കുന്ന ഇടനിലക്കാരെ ആശ്രയിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പുകളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന കാമ്പെയ്‌നിലൂടെ, പാർട്ട്-ടൈം തൊഴിൽ അവസരങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും, തട്ടിപ്പ് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ eCrime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ദുബായ് സൗത്ത് മേഖല വർക്ക്ഷോപ്പ് തീപിടുത്തം; ആർക്കും പരിക്കില്ല
പ്രധാന ഗതാഗത പാതയിലെ റോഡ് ; നവീകരണം പൂർത്തിയാക്കി ദുബായ് ആർ ടി എ
ആമസോൺ മേഖലയിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ; യുഎഇയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 800-ലേറെ പേർ അറസ്റ്റിൽ
യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവ്
