ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 2027 മെയ് 31 മുതൽ ജൂൺ 2 വരെയാണ് സമ്മേളനം
പ്രഥമ റെയിൽവേ-ഗതാഗത സമ്മേളനമായ റെയിൽ-എക്സിന് ദുബായ് ആതിഥേയത്വം വഹിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 2027 മെയ് 31 മുതൽ ജൂൺ 2 വരെയാണ് സമ്മേളനം . റെയിൽ, മൊബിലിറ്റി മേഖലയിലെ ഒരു സുപ്രധാന ആഗോള സംരംഭമായാണ് ഈ സമ്മേളനം വിലയിരുത്തപ്പെടുന്നത്. ഭാവിയിലേക്കുള്ള മികച്ച ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കും , വൻകിട പദ്ധതികൾക്കും സമ്മേളനം വഴിയൊരുക്കും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 80-ലധികം രാജ്യങ്ങളിൽ നിന്നായി 5,000 പേർ പങ്കെടുക്കും. ലോകമെമ്പാടുമുള്ള വിദഗ്ധരും, നിക്ഷേപകരും വ്യവസായ പ്രമുഖരും ,70-ലധികം മുഖ്യ പ്രഭാഷകരും, 60-ഓളം പ്രദർശകരും, 1,500-ലധികം പ്രതിനിധികളും ഇതിൽ ഭാഗമാകും.
സമ്മേളനത്തിലെ ആശയവിനിമയവും നിക്ഷേപകരുമായുള്ള ചർച്ചകളും ട്രെയിൻ ഡിസൈൻ, സിസ്റ്റംസ് ഇന്റഗ്രേഷൻ, വൻകിട പദ്ധതികളുടെ നടത്തിപ്പ്, പ്രവർത്തനക്ഷമത, യാത്രാനുഭവം എന്നിവയിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ആർ ടി എയുടെ പ്രതീക്ഷ.
2032-ഓടെ ദുബായിലെ ജനസംഖ്യ ഒരു കോടി ആകുമെന്ന് കണക്കാക്കപ്പെടുന്നതിനാൽ 20 വർഷത്തേക്കുള്ള റോഡ്-ഗതാഗത ശൃംഖലകളാണ് ആർ ടി എ ആസൂത്രണം ചെയ്യുന്നത്. അതിനാൽ 2030-ഓടെ റോഡ് ശൃംഖലയിൽ വിപുലമായ വികസന പ്രവർത്തനങ്ങളും ആർ ടി എ പദ്ധതിയിടുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന 55 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെയിൻ പാതയുടെ സാധ്യതകളെക്കുറിച്ചുള്ള പഠനവും പുരോഗമിക്കുന്നുണ്ട്.

പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
