ഗാസയിൽ ശാശ്വത സമാധാനം ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ യു എ ഇ

Via X (@UAEMissionToUN)

സൗദി അറേബ്യയും ഫ്രാൻസും നയിച്ച ഒരു സെഷനിലായിരുന്നു യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറിന്റെ  ആഹ്വാനം.

ഗാസയിൽ ഇസ്രയേലിന്റെ തുടർച്ചയായ അക്രമം അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനും അടിയന്തര അന്താരാഷ്ട്ര നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നതതല സമ്മേളനത്തിൽ യുഎഇ  ആഹ്വാനം ചെയ്തു.  ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധം 21 മാസം പിന്നിടുന്ന സാഹചര്യത്തിൽ സംഘർഷം നിയന്ത്രിച്ചാൽ മാത്രം പോരാ സമ്പൂർണ വെടിനിർത്തൽ നടപ്പിലാക്കണമെന്ന്  യു എ ഇ ആവശ്യപ്പെട്ടു.
സൗദി അറേബ്യയും ഫ്രാൻസും നയിച്ച ഒരു സെഷനിലായിരുന്നു യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറിന്റെ  ആഹ്വാനം. ഗാസയെ അടിയന്തിര മാനുഷിക ദുരന്തത്തിൽ നിന്ന് രക്ഷിക്കണമെന്ന് യു എ ഇ ആവശ്യപ്പെട്ടു. ദുരന്തം നിർത്തലാക്കാൻ  ലോക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും യു എ ഇ അഭ്യർത്ഥിച്ചു. 
കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഗാസയിലേക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്നും യു എ ഇ എത്തിക്കുമെന്ന്  ഖലീഫ ഷഹീൻ വ്യക്തമാക്കി. അടിയന്തര വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, യുദ്ധം അവസാനിപ്പിക്കുന്നതിനും ദീർഘകാല സമാധാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമ്മർദ്ദം എന്നിവയാണ് പ്രധാനമായും  യുഎഇ ആവശ്യപ്പെട്ടത്.
 

More from UAE