14 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി

അബുദാബിയിലെ ഒരു സ്വർണ്ണക്കടയിൽ നിന്ന്  14 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തെ അബുദാബി പോലീസ് പിടികൂടി. ആറുമാസം മുമ്പാണ് ഈ തട്ടിപ്പിന്റെ ആസൂത്രണം ആരംഭിച്ചത്.

രാജ്യത്തെ പ്രമുഖരായ വ്യവസായികൾക്കും മറ്റ് ഉന്നത വ്യക്തികൾക്കും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെട്ടാണ് പ്രതി സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ, അവയുടെ ഇൻവോയ്‌സുകൾ കൈപ്പറ്റുകയും പിന്നീട് പണം നൽകാമെന്ന് കടയുടമയുമായി ധാരണയുണ്ടാക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇയാൾ പണം നൽകിയില്ല.

കടയുടമ നൽകിയ പരാതിയെത്തുടർന്ന്, മണിക്കൂറുകൾക്കുള്ളിൽ തന്നെ അധികൃതർ പ്രതിയെ പിടികൂടി.

അബുദാബിയിലെ ഒരു ഔട്ട് ഹൗസിൽ  ഒളിച്ചിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സ്വർണാഭരണങ്ങൾ ഒളിപ്പിച്ചുവെക്കാൻ ഇയാൾക്ക് മറ്റുള്ളവരുടെ സഹായവും ലഭിച്ചിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ, സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടികളും കേസുമായി ബന്ധപ്പെട്ട ഇൻവോയ്‌സുകളും മറ്റ് രേഖകളും കണ്ടെടുത്തു. കണ്ടെത്താൻ കഴിയാത്ത ബാക്കി സ്വർണാഭരണങ്ങൾ വിറ്റഴിച്ചതായി പ്രതി സമ്മതിച്ചു.

സ്വർണ്ണ-ആഭരണ കടകളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകൾ ഉപഭോക്താക്കളുടെ തിരിച്ചറിയൽ രേഖകളും നിയമപരമായ പദവിയും കൃത്യമായി പരിശോധിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു. ഔദ്യോഗിക സാമ്പത്തിക നടപടിക്രമങ്ങളിലൂടെ പണം ലഭിച്ചുവെന്ന് ഉറപ്പാക്കാതെ, സ്വർണാഭരണങ്ങളോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

More from UAE