ചൊവ്വാഴ്ച രാവിലെ നടന്ന ബസും ട്രക്കും തമ്മിലുള്ള കൂട്ടിയിടിയിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നതായി റാസൽഖൈമ പോലീസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടുപേർ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
മറ്റ് 14 പേർക്ക് വിവിധ തോതിലുള്ള പരിക്കുകൾ പറ്റിയിട്ടുണ്ട്.
സതേൺ റിംഗ് റോഡിലെ അൽ വതൻ സ്ട്രീറ്റിലാണ് അപകടം നടന്നത്. സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക്, 41 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
അൽ മുനൈ പോലീസ് സ്റ്റേഷൻ, റാസൽഖൈമ പോലീസ് സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ഹത്ത പോലീസ് പട്രോൾ സംഘം, ദുബായ് ആംബുലൻസ്, ദുബായ് സിവിൽ ഡിഫൻസ്, ഖദ്ര ടീമുകൾ എന്നിവരും അടങ്ങുന്ന അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തി.
അപകടം നടന്ന സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ റാസൽഖൈമ പോലീസ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പോലീസ് ആശംസിച്ചു.
വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണമെന്നും, റോഡിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട് പ്രവർത്തിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും, വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

2026-ലെ ആദ്യ 10 മാസങ്ങളിൽ 9.68 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകർ ദുബായിൽ
ആദ്യത്തെ എഐ അസിസ്റ്റന്റായ മിറാ 2027 മാർച്ചിൽ
റാസ് അൽ ഖൈമയിൽ അപകടത്തിൽ 11 മരണം
യുഎഇ പ്രസിഡന്റ് ഫുജൈറ ഭരണാധികാരിയുമായി കൂടിക്കാഴ്ച
